പയ്യാവൂർ: നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു. രണ്ട് വർഷത്തെ പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡാണ് നടന്നത്. സജീവ് ജോസഫ് എംൽഎ പരേഡിൽ സല്യൂട്ട് സ്വീകരിച്ചു. ജനാധിപത്യ ബോധവും മതേതര മൂല്യങ്ങളും ഉയർത്തി സഹജീവിസ്നേഹവും രാജ്യസേവനവും പ്രാവർത്തികമാക്കി വളരണമെന്നതിന്റെ പ്രാധാന്യം അദ്ദേഹം സേനാംഗങ്ങളായ വിദ്യാർഥികളെ ബോധ്യപ്പെടുത്തി.
എസ്പിസി അഡ്വൈസറി കമ്മിറ്റി ചെയർപേഴ്സണും സ്കൂൾ മുഖ്യാധ്യാപികയുമായ പി.എൻ. ഗീത, സ്കൂൾ പ്രിൻസിപ്പൽ ബോബി മാത്യു, എസ്പിസി എഡിഎൻഒ കെ. പ്രസാദ്, ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ, ശ്രീകണ്ഠപുരം എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി, വാർഡ് കൗൺസിലർ മിനി വർഗീസ് എന്നിവർ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു. എഡിഎൻഒ കെ. പ്രസാദ് കേഡറ്റുകൾക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്ത് ഉപഹാരങ്ങൾ വിതരണം ചെയ്തു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ഹിന്ദി പ്രസംഗ മത്സരത്തിൽ എ ഗ്രേഡ് നേടിയ ആദിത്ത് കൃഷ്ണയെ അനുമോദിച്ചു. കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ എ.വി. രതീഷ്, റിൻസി ടോം, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ഇ.വി. ബിനീഷ്, ടി.പി. ഗ്രീഷ്മ, റിട്ട. എസ്ഐ വി. ചന്ദ്രൻ, സ്കൂൾ പിടിഎ പ്രസിഡന്റ് കെ. ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി.